വാഴ്സോ: ദ്വിദിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. മോദിയെ കാണാനായി തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. വേദിയിലുണ്ടായിരുന്നവർക്ക് പ്രധാനമന്ത്രി ഹസ്തദാനം നൽകി.

45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഭാരത് മാതാ കീ ജയ്, മോദി കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ആളുകൾക്കിടയിൽ നിന്ന് ഉയർന്നു. കലാകാരന്മാരെ അഭിനന്ദിച്ച പ്രധാനമന്ത്രി അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.

വാഴ്സോയിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രി ഏറെ നേരം കുട്ടികളുമായി സംവദിച്ചു. നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തികൊണ്ട് അതി മനോഹരമായ ദൃശ്യവിരുന്നാണ് രാജ്യം അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്.

ഇന്ത്യ -പോളണ്ട് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പോളിഷ് പ്രസിഡന്റ് ആൻഡ്രേയ് സെബാസ്റ്റ്യൻ ദൂഡയുമായും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.















