അഗർത്തല : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇതുവരെ പിടികൂടിയത് 225 ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും. ജനുവരി ഒന്നു മുതലുള്ള കണക്കാണിത് . ക്രിമിനൽ പശ്ചാത്തലമുള്ള 16 ഇന്ത്യക്കാരെയും വിവിധ കേസുകളിലായി പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിൽ കലാപം രൂക്ഷമായ ശേഷം പിടിയിലായത് 22 അനധികൃത കുടിയേറ്റക്കാരാണ്.
അഗർത്തല ആർ പി എഫ് സ്ക്വാഡാണ് ഈ മാസം 1-ന് അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ 10 ബംഗ്ലാദേശികളെ പിടികൂടിയത്. നിയമാനുസൃതമായ രേഖകളൊന്നും ഹാജരാക്കാനോ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനോ അവർക്ക് കഴിഞ്ഞില്ല. തുടർന്ന്, ബംഗ്ലാദേശിൽ നിന്ന് അനുമതിയില്ലാതെയാണ് തങ്ങൾ ഇന്ത്യയിലേക്ക് കടന്നതെന്നും ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ പണം വാങ്ങി ഇന്ത്യയിലെത്തിക്കുന്ന ഏജന്റ് അസം സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു . അടുത്തിടെ പൊലീസ് പിടികൂടിയ ബംഗ്ലാദേശി യുവതിയാണ് താൻ 2,500 ബംഗ്ലാദേശ് ടാക്ക അലിയ്‌ക്ക് നൽകിയാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസിനോട് പറഞ്ഞത് .















