ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോട്ടോ പരസ്യ ചിത്രത്തിൽ ഉൾപ്പെടുത്താതിന്റെ പേരിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന് കാരണം കാണിക്കൽ നോട്ടീസ്. സ്വാതന്ത്ര്യദിനത്തിന് പത്രങ്ങളിൽ ഫുൾ പേജ് പരസ്യം പ്രസിദ്ധീകരിക്കാത്തതും കെജ്‌രിവാളിന്റെ ഫോട്ടോ ചേർക്കാത്തതാണ് ആംആദ്മി നേതാക്കളെ ചൊടിപ്പിച്ചത്. കെജ്‌രിവാളിന്റെ ഫോട്ടോ പരസ്യത്തിൽ ചേർക്കണമെന്ന് ഡൽഹി മന്ത്രിസഭാംഗമായ അതിഷി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, വിചാരണ തടവുകാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഐപി സെക്രട്ടറി പരസ്യത്തിൽ കെജ്‌രിവാളിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നത്.
12ാം തിയതി പരസ്യത്തിന്റെ സാമ്പിളുകൾ കാണണമെന്ന് ആവശ്യപ്പെട്ട് അതിഷി ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന് കത്ത് നൽകിയിരുന്നു. ഇത് പ്രകാരം മൂന്ന് സാമ്പിളുകൾ അധികൃതർ അയച്ചു കൊടുക്കുകയും ചെയ്തു. അര പേജ് കളർ പരസ്യത്തിനുള്ള മോഡലുകളായിരുന്നു ഇവ. എന്നാൽ ഇതിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് അതിഷി 14ാം തിയതി വീണ്ടും വകുപ്പിന് കത്ത് നൽകി. കെജ്‌രിവാളിന്റെ വലിയ ചിത്രമുള്ള ഫുൾ പേജ് പരസ്യം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.
ഈ നിർദ്ദേശം വകുപ്പ് സെക്രട്ടറി തള്ളുകയും, വിയോജനക്കുറിപ്പ് കൈമാറുകയും ചെയ്തു. രാജ്യം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നതെന്നും, വ്യക്തികളെ മഹാന്മാരാക്കി കാണിക്കാനുള്ള അവസരമല്ല ഇതെന്നും കുറിപ്പിൽ പറയുന്നു. പ്രത്യേകിച്ച് കെജ്‌രിവാൾ ജൂഡീഷ്യൽ കസ്റ്റഡിയിലാണെന്നും, വിചാരണ തടവുകാരനാണെന്നതും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ യഥാർത്ഥ ആശയത്തിന് തുരങ്കം വയ്‌ക്കുന്ന നിലപാടുകൾ ഇപ്പോൾ നൽകിയതെന്നും സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നുണ്ട്.
എന്നാൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയിൽ നിന്ന് അനുമതി ഇല്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് 20ാം തിയതി വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിക്കണമെന്നും, ഡിഐപിയുടെ താത്പര്യത്തിനുള്ള പരസ്യം നൽകരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നതായും കാരണം നോട്ടീസിൽ പറയുന്നുണ്ട്. അതിഷിയുടെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നിട്ട് പോലും അവരുടെ അനുമതിയില്ലാതെ അര പേജ് മാത്രമുള്ള പരസ്യം നൽകി. മനപൂർവ്വമുള്ള നിയമലംഘനമാണിതെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.















