ചെന്നൈ: അഭിനയ ജീവിതത്തിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ നടൻ വിജയ് സ്വന്തം പാർട്ടിയുടെ പതാകയും ചിഹ്നവും പുറത്തിറക്കി. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് താരം പതാകയും ചിഹ്നവും പുറത്തിറക്കിയത്.
അണികളും ആരാധകരും പങ്കെടുത്ത ചടങ്ങിൽ തുടക്കത്തിൽ വേദിയിലിരിക്കാതെ സദസിലായിരുന്നു വിജയ് ഇരുന്നത്. പിന്നീട് പതാക പുറത്തിറക്കുന്ന ചടങ്ങിനായിട്ടാണ് താരം വേദിയിലെത്തിയത്. മുകളിലും താഴെയും ചുവപ്പും നടുവിൽ മഞ്ഞയും നിറത്തിലാണ് പതാക. മഞ്ഞ നിറത്തിനുളളിൽ നടുവിലായി ഒരു ഗോളത്തിന് ഇരുവശങ്ങളിലുമായി രണ്ട് കൊമ്പൻമാരെയും ആലേഖനം ചെയ്തിട്ടുണ്ട്.
അണികൾക്കൊപ്പം പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ജാതിയുടെയും മതത്തിന്റെയും ലിംഗവ്യത്യാസത്തിന്റെയും ജൻമസ്ഥലത്തിന്റെയും പേരിലുളള വേർതിരിവുകൾ ഒഴിവാക്കുമെന്നും എല്ലാവർക്കും തുല്യ അവസരമെന്ന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും തുല്യ അവകാശത്തിന് വേണ്ടി പോരാടുമെന്നുമായിരുന്നു പ്രതിജ്ഞ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്.















