കൊൽക്കത്ത: വനിതാ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിനുളളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മമത സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യാനും പോസ്റ്റുമോർട്ടം നടപടികളും എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്ററിൽ ഫസ്റ്റ് എൻട്രി നടത്തിയ കൊൽക്കത്തയിലെ പൊലീസ് ഉദ്യോഗസ്ഥനോട് അടുത്ത തവണ വാദം കേൾക്കുമ്പോൾ നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
പോസ്റ്റുമോർട്ടം വൈകിട്ട് 6.10 ന് ആരംഭിച്ച് 7.10 ന് അവസാനിച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തത് രാത്രി 11 മണിക്കാണ്. താല പോലീസ് സ്‌റ്റേഷനിൽ കേസെടുത്തത് രാത്രി 11 മണിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് 11.40 ഓടെയുമാണെന്ന് കോടതി വിലയിരുത്തി. അസ്വാഭാവിക മരണമല്ലെങ്കിൽ എന്തിനാണ് പിന്നെ പോസ്റ്റുമോർട്ടം നടത്തിയതെന്നും കോടതി ചോദിച്ചു.
പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിലെ വിവരമനുസരിച്ച് രാവിലെ 10.10 ന് അവിടേക്ക് ഫോൺകോൾ ലഭിച്ചിരുന്നു. സെമിനാർ ഹാളിൽ അബോധാവസ്ഥയിൽ ഒരു യുവതി കിടക്കുന്നുവെന്ന വിവരമായിരുന്നു അതെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. എന്നാൽ കേസ് ഡയറിയിലെ വിവരപ്രകാരം കുറ്റകൃത്യം നടന്ന സ്ഥലം മറ്റ് ഇടപെടലുകൾ ഇല്ലാതിരിക്കാൻ സുരക്ഷിതമാക്കിയത് പോസ്റ്റുമോർട്ടത്തിന് ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട ഡോക്ടറുടെ മെഡിക്കൽ ഇൻഞ്ചുറി റിപ്പോർട്ട് ഉണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇത് കേസ് ഡയറിയുടെ ഭാഗമാണെന്ന് ആയിരുന്നു ബംഗാൾ സർക്കാരിന്റെ മറുപടി. സംഭവമുണ്ടായി അഞ്ചാം ദിവസമാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അപ്പോഴേക്കും കുറ്റകൃത്യം നടന്ന സ്ഥലത്തെ ക്രൈം സീൻ മൊത്തത്തിൽ മാറ്റിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.