തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന് കഴിഞ്ഞുവെന്നും ഇനിയുള്ള നടപടികൾ കോടതി തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാൻ. ക്രിമിനൽ ഭാഗമാണ് ഹൈക്കോടതി പരിശോധിക്കുന്നത്. ആർക്കെങ്കിലുമെതിരെ ആക്രമണങ്ങളോ മറ്റ് വഴിവിട്ട ബന്ധങ്ങളോ നടന്നിട്ടുണ്ടോ എന്ന് കോടതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെടലിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഭരണപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. അതിന്റെ ഭാഗമായി എല്ലാ തലത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. കോൺക്ലേവ് നടത്താനാണ് സർക്കാർ തീരുമാനം. നവംബർ 23, 24, 25 തീയിതകളിൽ കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ തീരുമാനിച്ച കാര്യമാണിത്. കോൺക്ലേവിനായുള്ള സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
സിനിമ- സീരിയൽ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ കൂടിയാലോചിച്ച് തീരുമാനിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ ചെയ്യും.
എന്തുകൊണ്ടാണ് സർക്കാർ ഈ നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങൾ കൃത്യമായി വ്യക്തമാക്കി കഴിഞ്ഞു. ഹൈക്കോടതി ഏത് തീരുമാനം നിർദേശിച്ചാലും അത് നടപ്പിലാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.
ഹൈക്കോടതിയുടെ മുമ്പിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഏന്തെങ്കിലും പ്രശ്നത്തിൽ കേസെടുക്കണമെങ്കിൽ ഹൈക്കോടതി പറയട്ടെ. അപ്പോൾ അതിനെ കുറിച്ച് ആലോചിക്കാമെന്നും സജി ചെറിയാൻ പറഞ്ഞു.















