സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണെന്ന് നടി മനീഷ കൊയ്രാള. ദിൽസേ എന്ന ചിത്രം തന്റെ മികച്ച വർക്കുകളിലൊന്നാണെന്നും ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും സന്തോഷമാണെന്നും മനീഷ കൊയ്രാള പറഞ്ഞു. ദിൽസേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നുപറയുകയായിരുന്നു താരം.
‘ദിൽസേയ്‌ക്ക് മുമ്പ് ഷാരൂഖിനൊപ്പം ഗുഡ്ഡു എന്ന സിനിമയിൽ താൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത് വിജയിച്ചിരുന്നില്ല. അതിനാൽ പലർക്കും ആ സിനിമയെ കുറിച്ച് അറിയില്ല. സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണ്, നായികമാരല്ല’- മനീഷ കൊയ്രാള പറഞ്ഞു.
ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന്, ഈ ചോദ്യം നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണമെന്ന് മനീഷ കൊയ്രാള മറുപടി പറഞ്ഞു. ദിൽസേയുടെ 25 വർഷം തികയുന്നതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ‘ദിൽസേ’. ചിത്രത്തിൽ ഷാരൂഖ് ഖാൻ പത്രപ്രവർത്തകന്റെ വേഷത്തിലാണ് എത്തുന്നത്. വളരെയധികം ജനപ്രീതി നേടിയ ചിത്രത്തിനും ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.















