പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. ഒമ്പതാം പ്രതി വണ്ടൂർ സ്വദേശി ഇബ്രാഹിം മൗലവിയാണ് കോടതിയിൽ കീഴടങ്ങിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്ന ഇയാൾ കൊലയ്‌ക്ക് ശേഷം ഒളിവിൽ പോവുകയായിരുന്നു.
നഗരത്തിലെ ശംഖുവാരത്തോട് ജുമാമസ്ജിദിലെ ഉസ്താദ് ആയിരുന്നു ഇബ്രാഹിം മൗലവി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒരാൾ കൂടി കീഴടങ്ങിയതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 23 ആയി. എട്ടാം പ്രതി നൗഫൽ ഒളിവിൽ തുടരുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും അടക്കം 24 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
2021 നവംബറിലായിരുന്നു എലപ്പുള്ളി സ്വദേശിയായ സഞ്ജിത്ത് കൊല്ലപ്പെടുന്നത്. ഭാര്യയോടൊപ്പം ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊല്ലുകയായിരുന്നു. ആർഎസ്എസ് ബൗദ്ധിക് പ്രമുഖായിരുന്നു കൊല്ലപ്പെട്ട സഞ്ജിത്ത്.















