ഗാന്ധിനഗർ: പ്ലാസ്റ്റിക് മലിനീകരണം കുറയ്‌ക്കുന്നതിന് നൂതന ക്യാമ്പയിനുമായി ഗുജറാത്ത് മലിനീകരണ നിയന്ത്രണബോർഡ്. പ്ലാസ്റ്റിക് ഫ്രീ ഗുജറാത്ത് എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2 മാസം കൊണ്ട് 9,500 ൽ അധികം പ്ലാസ്റ്റിക് കുപ്പികളാണ് റിവേഴ്‌സ് വെൻഡിങ് മെഷീൻ ഉപയോഗിച്ച് റീസൈക്കിൾ ചെയ്തത്. ഗുജറാത്തിനെ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തുണി സഞ്ചികൾ നൽകുന്ന വെൻഡിങ് മെഷീനും പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യുന്ന റിവേഴ്‌സ് വെൻഡിങ് മെഷീനുകളും അവതരിപ്പിച്ചു. 7 പ്രധാന ബസ് സ്റ്റാൻഡുകളിലും ഒരു റെയിൽവേ സ്റ്റേഷനിലുമാണ് റിവേഴ്‌സ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് മെഷീനുകൾ സ്ഥാപിച്ചത്.
കൂടാതെ ഗുജറാത്തിലെ പ്രധാന അമ്പലങ്ങളിൽ സന്ദർശനം നടത്തുന്നവർക്ക് ഇനി മുതൽ തുണി സഞ്ചികളിൽ പ്രസാദം ലഭിക്കും. എടിഎമ്മുകൾക്ക് സമാനായി സ്ഥാപിച്ചിരിക്കുന്ന വെൻഡിങ് മെഷീനുകളിൽ നിന്നുമാണ് സഞ്ചികൾ ലഭിക്കുന്നത്. 5 രൂപ നൽകുമ്പോൾ മെഷീനിൽ നിന്നും തുണി സഞ്ചി ലഭ്യമാകും. മെഷീനുകൾ സ്ഥാപിച്ച് 60 ദിവസം കഴിഞ്ഞപ്പോൾതന്നെ ഇതിനോടകം 5,000 സഞ്ചികളാണ് വിറ്റുപോയത്. പുതിയ സംരംഭങ്ങൾക്ക് പൊതു ജനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും മാസങ്ങളിൽ 250 അമുൽ പാർലർ ഔട്ട്ലറ്റുകളിലും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.