വീട്ടിനുള്ളിൽ ഏറ്റവുമധികം ബാക്ടീരിയകൾ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് അടുക്കള. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. കാണാനുള്ള ഭംഗിക്ക് വേണ്ടി മാത്രമല്ല, ശുചിത്വമുള്ള അടുക്കളയിൽ പാകം ചെയ്യുന്ന ആഹാരസാധനങ്ങൾ ആരോഗ്യദായകമായിരിക്കും. അടുക്കളയിലെ സിങ്കാണ് ഏറ്റവും വേഗം വൃത്തികേടാകുന്ന ഒരു ഐറ്റം. തേച്ചുരച്ച് സമയം കളയാതെ എളുപ്പത്തിൽ സിങ്ക് വൃത്തിയാക്കാനുള്ള വഴികൾ നോക്കാം..
ചെറുനാരങ്ങ:
ചെറുനാരങ്ങ രണ്ടായി മുറിക്കുക, എന്നിട്ട് അതിന്റെ അല്ലിയുടെ ഇടയിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. എന്നിട്ട് ഈ ചെറുനാരങ്ങ പിടിച്ച് സിങ്കിൽ ഉരയ്‌ക്കുക. വലിയ മർദം ചെലുത്താതെ ഉരയ്‌ക്കുമ്പോൾ തന്നെ സിങ്ക് വൃത്തിയാകുന്നത് കാണാം. സിങ്കിന്റെ എല്ലായിടത്തും ചെറുനാരങ്ങ കൊണ്ട് ഉരച്ച് 3 മിനിറ്റിന് ശേഷം വെള്ളം കൊണ്ട് കഴുകി കളയുക. നിങ്ങളുടെ സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക് വെട്ടിത്തിളങ്ങും.
ബേക്കിംഗ് സോഡ:
സിങ്കിൽ വളരെ അധികം കറയും അഴുക്കുമുണ്ടെങ്കിൽ അൽപം ബേക്കിംഗ് സോഡ എടുത്ത് അതിലേക്ക് ലേശം വെള്ളമൊഴിച്ച് സിങ്കിലാകെ പുരട്ടി വയ്‌ക്കുക, 10 മിനിറ്റിന് ശേഷം ഉരച്ച് കഴുകി കളയുക. എല്ലാ കറയും അപ്രത്യക്ഷമാകും.
ഹൈഡ്രജൻ പെറോക്സൈഡ്:
വെള്ളത്തിന് കട്ടി കൂടുതലാണെങ്കിൽ വെള്ളത്തിന്റെ കറയും സിങ്കിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. കറയുള്ള ബാഗത്ത് ഹൈഡ്രജൻ പെറോക്സൈഡ് സൊല്യൂഷൻ അൽപം ഒഴിച്ചുകൊടുക്കുക, 15 മിനിറ്റിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ വെള്ളത്തിന്റെ കറ പോകുന്നതാണ്.