വാഴ്സോ: രാഷ്‌ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ് പോളണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രയ്‌നിനെതിരായ റഷ്യയുടെ യുദ്ധവും പശ്ചിമേഷ്യയിലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.
“യുക്രയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ ആശങ്കാജനകമാണ്. എന്നാൽ ഏത് പ്രശ്‌നത്തിനും ഉത്തരം യുദ്ധക്കളത്തിലല്ല.ഞങ്ങൾ സംഭാഷണത്തെയും നയതന്ത്രത്തെയും പിന്തുണയ്‌ക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. യുക്രയ്‌നിലേക്കുള്ള സുപ്രധാന സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് പ്രധാനമന്ത്രിയുടെ സന്ദേശം. നാളെയാണ് പ്രധാനമന്ത്രി യുക്രയ്‌ൻ സന്ദർശിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സംഘർഷം പരിഹരിക്കാൻ ചർച്ചയുടെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമർശിക്കുന്നത്. 2022ൽ എസ്‌സിഒ മീറ്റിന്റെ ഭാഗമായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ, പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് പരാമർശിച്ചിരുന്നു.
പ്രസിഡൻ്റ് സെലൻസ്‌കിയുടെ ക്ഷണപ്രകാരം യുക്രയ്ൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി, സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുമെന്നും പറഞ്ഞു. 2022 ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ സഹായിച്ചതിന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.
പോളണ്ടുമായി വർധിച്ചതും മെച്ചപ്പെട്ടതുമായ വ്യാപാര നയതന്ത്ര ബന്ധങ്ങൾക്ക് ഇന്ത്യ കാത്തിരിക്കുന്നതായി അറിയിച്ച പ്രധാനമന്ത്രി പോളിഷ് കമ്പനികൾ മേക്ക്-ഇൻ-ഇന്ത്യ പദ്ധതികളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിച്ചു.















