യുഎഇയിൽ നിന്നുള്ള സൗജന്യ ബാഗേജ് വെട്ടിക്കുറിച്ച നടപടിയിൽ കോർപറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് മാറ്റം വരുത്തിയതെന്ന വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. എന്നാൽ സാധാരണ ബുക്കിങ്ങിലും നിലവിൽ 20 കിലോ മാത്രമാണ് യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ബാഗേജ് കൊണ്ടു പോകാനാവുക.
യുഎഇയിൽ നിന്നുള്ള കോർപറേറ്റ് ബുക്കിങ്ങിൽ നേരത്തെയുണ്ടായിരുന്ന 30 കിലോ ബാഗേജ് അലവൻസ് എക്സ്പ്രസ് വാല്യു, ഫ്ലെക്സി എന്നിവയ്‌ക്ക് തുല്യമായി 20 കിലോ ആയി ചുരുക്കിയതായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരിക്കുന്നത്. വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു ചാനലുകൾ വഴിയുള്ള ബുക്കിങ് എന്നിവയെ ഈ മാറ്റം ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ബുക്കിങ്ങുകളിലും 20 കിലോ മാത്രമാണ് സൗജന്യ ബാഗേജായി കൊണ്ടുപോകാൻ സാധിക്കുക. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടിവരിക. എന്നാൽ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമാവില്ല.
അധികഭാരത്തിന് ഈടാക്കുന്ന നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ടെന്നത് മാത്രമാണ് യാത്രക്കാർക്ക് നേരിയ ആശ്വാസം നൽകുന്നത്. എന്നാൽ യുഎഇയിൽ നിന്നുള്ള സർവീസുകൾക്ക് മാത്രം എന്തുകൊണ്ടാണ് ഇത്തരം നിയന്ത്രണം കൊണ്ടുവന്നതെന്നതിന് കൃത്യമായ വിശദീകരണം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.