ന്യൂഡൽഹി: ജമ്മു കശ്മീരിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ തടസപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം വിഘടന ശക്തികൾക്ക് ബാലറ്റ് മറുപടി നൽകുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഉദ്യോഗസ്ഥർ പൂർണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അവലോകനയോഗം ചേർന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, മറ്റ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥികളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പരാതികൾ പരിഹരിക്കണമെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിരീക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വ്യാജപ്രചാരണങ്ങളെ ചെറുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടർമാരാണ് ജമ്മു കശ്മീരിൽ ഉണ്ടായിരുന്നത്. ജമ്മു കശ്മീരിലെ ജനങ്ങൾ വോട്ടിംഗ് പ്രക്രിയയിൽ പങ്കെടുത്ത് അവരുടെ വിധി നിർണയിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായാണ് കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ18, സെപ്റ്റംബർ 25, ഒക്ടോബർ 1 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. ആകെ 90 നിയമസഭാ മണ്ഡലങ്ങളുള്ള കശ്മീരിൽ ഇതിനുമുൻപ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്.