ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന്, ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക്. പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ന് യുക്രെയ്‌നിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും കൂടിക്കാഴ്ച നടത്തും.
” പല രാഷ്‌ട്രത്തലവന്മാരും ഈ മേഖലയിലേക്ക് അടുത്തിടെ യാത്രകൾ നടത്തി. ഇത്തരം സന്ദർശനങ്ങൾ പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കാൻ സഹായകമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര നിയമങ്ങൾ, ജനറൽ അസംബ്ലിയുടെ പ്രമേയങ്ങൾ, പ്രാദേശിക അഖണ്ഡത എന്നിവ പരിഗണിച്ച് കൊണ്ട് സംഘർഷം അവസാനിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും” ഡുജാറിക് പറയുന്നു.
റഷ്യ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രമേയങ്ങൾ യുഎൻ ജനറൽ അസംബ്ലി പാസാക്കിയിരുന്നു. യുക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മറ്റൊരു പ്രമേയം. കഴിഞ്ഞ മാസം റഷ്യയിലും പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്തിരുന്നു.
നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ യുക്രെയ്ൻ വിഷയം സമാധാനപരമായി പരഹരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മുന്നോട്ട് വച്ചതായി ഇരുരാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു. 2022ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രിയും സെലൻസ്‌കിയും പല തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇക്കുറി പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ യുക്രെയ്ൻ താത്പര്യപ്പെടുന്നതായി സെലൻസ്‌കി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.















