144 കോടി ജനങ്ങളെ ഒരു പോലെ നെഞ്ചിടിപ്പിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിയ ആ സുദിനത്തിന് ഇന്ന് ഒരാണ്ട്. ഭാരതത്തിന്റെ അഭിമാനം ഇന്ദുവോളമെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിന് ഒരു വയസ് തികഞ്ഞിരിക്കുകയാണ്. 2023 ഓഗസ്റ്റ് 23-ന് ചന്ദ്രനിൽ കാലുകുത്തിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവ മേഖലയിൽ എത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി. ഈ നാഴികക്കല്ലായ നേട്ടത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 “ദേശീയ ബഹിരാകാശ ദിനം” ആയി പ്രഖ്യാപിച്ചു.
ഇന്ന് പ്രഥമ ദേശീയ ബഹിരാകാശ ദിനമാണ്. രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുക. ‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ‘Touching Lives while Touching the Moon‘ എന്നതാണ് ഈ വർഷത്തെ മുദ്രവാക്യം. സമൂഹത്തിലും സാങ്കേതികവിദ്യയിലും ബഹിരാകാശ പര്യവേഷണത്തിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുകയാണ് ഇതിസലൂടെ ഇസ്രോ ലക്ഷ്യം വയ്‌ക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുമായി സർക്കാർ ഒരു മാസത്തെ പരിപാടിയും സംഘടിപ്പിക്കുമെന്നാണ് വിവരം.
2023 ഓഗസ്റ്റ് 23-ന് വൈകുന്നേരം 6.04-നാണ് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ലാൻഡിംഗിനായി ലക്ഷ്യമിട്ടിരുന്ന 4.5 കിലോമീറ്റർ വീതിയുള്ള പ്രദേശത്തിന്റെ മധ്യഭാഗത്ത് തൊട്ടു. ആ പോയിൻ്റിൽ നിന്ന് 300 മീറ്റർ (985 അടി) ഉള്ളിലാണ് ലാൻഡർ ഇറങ്ങിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. കുറഞ്ഞ ചെലവിൽ മികവ് പ്രകടിപ്പിക്കുന്നതിൽ ഇന്ത്യ വീണ്ടും ലോകരാജ്യങ്ങളിൽ ചർച്ചയായി.















