തിരുവനന്തപുപരം: സിദ്ധാർത്ഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്ത മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരെയും കൂടുതൽ നടപടിയെടുക്കുമെന്നാണ് സൂചന.
ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനുമെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയാക്കാനും ചാൻസലർ നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മീഷനാണ് സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
സിദ്ധാർത്ഥനെ മർദ്ദിക്കുന്നതിന് സാക്ഷികളായ വിദ്യാർത്ഥികളടക്കം 28 പേരുടെ മൊഴികളാണ് കമ്മീഷനെടുത്തത്. വി.സി. അടക്കമുള്ളവരെ രണ്ടുതവണ കമ്മിഷൻ കേട്ടു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഹോസ്റ്റലിലെ രണ്ട് പാചകക്കാർ, ആംബുലൻസ് ഡ്രൈവർ, ടെക്നീഷ്യൻ, സിദ്ധാർത്ഥന്റെ മാതാപിതാക്കൾ എന്നിവർ മൊഴി നൽകി. വിവരങ്ങൾ രഹസ്യമായി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മൊഴി നൽകിയ അദ്ധ്യാപകരമുണ്ട്.
പ്രതികളായ വിദ്യാർത്ഥികളും തങ്ങളെ കേൾക്കണമെന്നാവശ്യപ്പെട്ടെ കമ്മീഷന് മുൻപിലെത്തിയെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇവരെ കേൾക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ഡോർമെറ്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.