കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് സിബിഐ. ചോദ്യം ചെയ്യലിലുടനീളം പ്രതി യാതൊരു കുറ്റബോധവും കാണിച്ചില്ലെന്നും, ഒരു മടിയുമില്ലാതെയാണ് അയാൾ കുറ്റകൃത്യത്തെ കുറിച്ച് വിവരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
”കടുത്ത മാനസിക വൈകല്യങ്ങളുള്ള ഇയാൾ അശ്ലീല ചിത്രങ്ങൾക്ക് അടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ പോലും പ്രതിക്ക് കുറ്റബോധം ഉണ്ടായിരുന്നില്ല. കുറ്റകൃത്യത്തിന്റെ ഓരോ മിനിറ്റിന്റേയും വിശദാംശങ്ങൾ അയാൾ വ്യക്തമായി പറയുന്നുണ്ട്. ഒരിക്കലും ചെയ്തത് തെറ്റാണെന്ന ചിന്ത അയാൾക്ക് വന്നിട്ടില്ല. മൃഗങ്ങളുടേത് പോലെയുള്ള രീതിയാണെന്നും” ഉദ്യോഗസ്ഥൻ പറയുന്നു.
36 മണിക്കൂർ നീണ്ട ഷിഫ്റ്റിന് ശേഷം വിശ്രമിക്കുന്നതിനായി ആശുപത്രിയുടെ സെമിനാർ ഹാളിലെത്തിയപ്പോഴാണ് യുവതിയെ ഇയാൾ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്. ശരീരത്തിന് അകത്തും പുറത്തുമായി നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. സംഭവം നടന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രതിയുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന ഒൻപതാം തിയതി പുലർച്ചെ നാല് മണിക്ക് ഇയാൾ ഈ കെട്ടിടത്തിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പുലർച്ചെ 3നും 5നും ഇടയിൽ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉയർന്നിരുന്നു. ഇക്കാര്യവും ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്. ആർജ കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ്, സഞ്ജയ് റോയ് എന്നിവർക്ക് നുണ പരിശോധന നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.