തൃശൂർ: വീട് കുത്തിത്തുറന്ന് മോഷണം. തൃശൂർ ഊരകം വെറ്റിലമൂലയിലാണ് സംഭവം. വരിക്കശ്ശേരി വീട്ടിൽ ഏലിക്കുട്ടിയുടെ പൂട്ടികിടന്ന വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.
തനിച്ച് താമസിക്കുന്ന ഏലിക്കുട്ടി രാത്രിയിൽ അടുത്തുള്ള മകന്റെ വീട്ടിലാണ് കിടക്കാൻ പോകാറുള്ളത്. രാവിലെ തിരികെ വിട്ടിലേയ്‌ക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടര പവന്റെ സ്വർണ്ണമാലയും 12,000-ത്തോളം രൂപയും നഷ്ടമായി. വീടിനകത്ത് അലമാലകളും മറ്റും തുറന്ന് വലിച്ച് വാരിയിട്ട നിലയിലായിരുന്നു. മുളക്‌പൊടിയും വിതറിയതിന് ശേഷമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു.















