കീവ്: യുക്രെയ്‌നിലെ കീവിലുള്ള മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് സുപ്രധാന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി യുക്രെയ്‌നിലെത്തിയത്. യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയ്‌ക്കൊപ്പം കീവിലെ നാഷണൽ മ്യൂസിയത്തിൽ എത്തിയ പ്രധാനമന്ത്രി റഷ്യൻ അധിനിവേശത്തിൽ ജീവൻ പൊലിഞ്ഞ കുരുന്നുകളുടെ മെമ്മറി ഓഫ് ചിൽഡ്രനിൽ ആദർമർപ്പിച്ചു.
എവി ഫോമിൻ ബൊട്ടാണിക്കൽ ഗാർഡനിലെ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ 2020 ൽ ഗാന്ധിജിയുടെ 151-ാംജന്മവാർഷികത്തോടനുബന്ധിച്ചാണ് അനാച്‌ഛാദനം ചെയ്തത്. കീവിലെ നാഷണൽ മ്യൂസിയത്തിലെ ചരിത്ര അവശേഷിപ്പുകൾ യുക്രെയ്ൻ പ്രസിഡന്റ് മോദിക്ക് പരിചയപ്പെടുത്തി. സ്വാതന്ത്ര്യത്തിനും സാംസ്കാരിക സ്വത്വത്തിനും വേണ്ടിയുള്ള യുക്രെയ്ൻ ജനതയുടെ വീരോചിതമായ പോരാട്ടത്തെ വെളിപ്പെടുത്തുന്ന സൈനിക സംഘട്ടനങ്ങളുടെ രേഖകളും പുരാവസ്തുക്കളുമാണ് ഇവിടെയുള്ളത്.
നാഷണൽ മ്യൂസിയത്തിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി മാരിൻസ്കി കൊട്ടാരത്തിലേക്ക് പോകും. തുടർന്ന് ഇരുനേതാക്കളും തമ്മിൽ പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തും. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്കായുള്ള ഉന്നതതല പ്രതിനിധി യോഗങ്ങൾ തുടർന്ന് നടക്കും. പോളണ്ട് സന്ദർശനത്തിനുശേഷം യുക്രെയ്‌നിലെത്തിയ പ്രധാനമന്ത്രിക്ക് കീവിലെ ഹയാത്ത് ഹോട്ടലിൽ ഇന്ത്യൻ സമൂഹനത്തിന്റെ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്.