എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ പുതിയ വിഷയമല്ലെന്നും ഇത് കാലാകാലങ്ങളായി സിനിമാ മേഖലയിലുള്ളതാണെന്നും നടൻ ഷമ്മി തിലകൻ. സിനിമാ മേഖലയിൽ 15 പേരടങ്ങുന്ന പവർ ഗ്രൂപ്പുണ്ടെന്ന് പറയുന്ന ആദ്യത്തെ ആളല്ല, ഹേമ കമ്മിറ്റി. നേരത്തേ വിനയൻ പറഞ്ഞതും ഇത് തന്നെയായിരുന്നു. ആദ്യമായി പുറത്തുകൊണ്ടുവന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് അല്ല, മുമ്പും ഇതേ കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ഷമ്മി തിലകൻ പറഞ്ഞു.
2015-ൽ സംവിധായകൻ വിനയന്റെ ഹർജിയിൽ കോടതി പ്രതികൾ പിഴശിക്ഷ വിധിച്ചിരുന്നു. അതിനർത്ഥം കുറ്റവാളികൾ എന്ന് തെളിഞ്ഞത് കൊണ്ടല്ലേ. വിനയന്റെ വിഷയത്തിൽ ഞാൻ മൊഴി കൊടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാം.
അച്ഛൻ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും റിപ്പോർട്ടിലില്ല. ഈ റിപ്പോർട്ട് വരുന്നതിനും എത്രയോ വർഷം മുമ്പ് മരണപ്പെട്ടിട്ടും അച്ഛനാണ് ഇതിലെ ഹൈലൈറ്റ്. എന്തിനാണ് കോൺക്ലവ് സംഘടിപ്പിക്കുന്നത്. എന്ത് ന്യായമാണ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരയും വേട്ടക്കാരും ഒന്നിച്ചിരുന്നാണോ കോൺക്ലേവ് നടത്തുന്നതെന്നും ഷമ്മി തിലകൻ ചോദിച്ചു.