ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ ‘അമ്മ’യ്‌ക്ക് വീഴ്ച സംഭവിച്ചുവെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനാകില്ല. നടിമാരുടെ വാതിലിൽ മുട്ടിയെങ്കിൽ അന്വേഷിക്കണം. കുറ്റാരോപിതർ അഗ്നിശുദ്ധി വരുത്തട്ടെ. വേട്ടക്കാരന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് സർക്കാർ മറുപടി പറയണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണം. പരാതിയില്ലെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറാകണം. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ആണെങ്കിൽ പോലും, കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമയിൽ മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. ഒരുപാട് കോടികൾ മുടക്കി നടത്തുന്ന പ്രോജക്ടാണ് സിനിമ. അതിൽ അഭിനേതാക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും പരാതികളും പരിഭവങ്ങളുമുണ്ടാകാം. അതല്ലാതെ ഇതെല്ലാം നിശ്ചയിക്കുന്ന ഒരു മാഫിയ ഉണ്ടെന്ന് കരുതുന്നില്ല.
റിപ്പോർട്ട് പുറത്തുവരാൻ 5 വർഷം വൈകിയത് വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് സമർപ്പിക്കപ്പെട്ട കാലത്തുതന്നെ പുറത്തുവന്നിരുന്നെങ്കിൽ ഇന്ന് ഉന്നയിക്കുന്ന പല പരാതികളും ഉണ്ടാകുമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടലുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പൊലീസ് കേസെടുക്കുമ്പോൾ പരാതിക്കാരുടെ മൊഴി വീണ്ടും എടുക്കുന്നത് അവരെ വീണ്ടും വേദനിപ്പിക്കാൻ ഇടയാക്കുമെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് പ്രതികരിച്ചു.