തിരുവനന്തപുരം: സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ ഘട്ടം മുതൽ തന്നെ സർക്കാർ കള്ളക്കളികളാണ് നടത്തിയിട്ടുള്ളത്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇരകൾക്ക് നീതി നിഷേധിച്ച് കൊണ്ട് ആസൂത്രിതമായ നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ഇരകളായ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ഒരു കാര്യവും സർക്കാർ ചെയ്യില്ല. ഇത് വെറും ജലരേഖ മാത്രമായി നിൽക്കും. സിപിഎമ്മിന്റെ വനിതാ സംഘടനകളൊക്കെ മൗനത്തിലാണ്. ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ഒരു വാക്ക് പറയാൻ പോലും അവർ മുന്നോട്ട് വരുന്നില്ല. നിർദേശിച്ചതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഒഴിവാക്കാൻ സർക്കാരിന് ആരാണ് അധികാരം നൽകിയതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
പരാതി വന്നാൽ മാത്രമേ കേസെടുക്കുകയുള്ളൂ എന്നാണ് പറയുന്നതെങ്കിൽ എന്തിനാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മീഷനൊന്നും സർക്കാർ ഒരു വിലയും നൽകുന്നില്ല എന്നാണ് ഇതിനർത്ഥം. സ്വകാര്യത മാനിക്കണം എന്ന വിവരാവകാശ കമ്മീഷന്റെ നിർദേശത്തിൽ ഉർവ്വശി ശാപം ഉപകാരം എന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.