ന്യൂഡൽഹി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് നീക്കത്തെ വിമർശിച്ച് അമിത് ഷാ. നാഷണൽ കോൺഫറൻസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാട് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമർശനം.
അധികാരക്കൊതി തീർക്കാൻ രാജ്യത്തിന്റെ ഐക്യവും സുരക്ഷയും പലതവണ പണയപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസ്. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ അബ്ദുള്ള കുടുംബത്തിന്റെ നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് അതിന്റെ ഗൂഢലക്ഷ്യങ്ങൾ ഒരിക്കൽക്കൂടി തുറന്നുകാട്ടിയെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിനും രാഹുലിനുമെതിരെ 10 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക പതാക, കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനം എന്നിവ കോൺഗ്രസ് പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു. കശ്മീരിനെ അശാന്തിയുടെയും ഭീകരതയുടെയും യുഗത്തിലേക്ക് തിരികെ കൊണ്ട് പോകുന്ന വാഗ്ദാനങ്ങളാണിവയെന്നും അദ്ദേഹം വിമർശിച്ചു. ദേശീയ സുരക്ഷയ്‌ക്കും ഏകീകരണത്തിനുമായി 2019 ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നു.
പാകിസ്താനുമായി LoC വ്യാപാരം ആരംഭിക്കുമെന്ന കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജമ്മു കശ്മീരിലെ പ്രമുഖ സ്ഥലങ്ങളായ ശങ്കരാചാര്യ ഹിൽ, ഹരി ഹിൽ തുടങ്ങിയ സ്ഥലങ്ങളുടെ പേര് ഇസ്‌ലാമിക അർത്ഥങ്ങളുള്ള പേരുകളാക്കാനുള്ള സഖ്യകക്ഷിയുടെ നീക്കത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെയും ആഭ്യന്തരമന്ത്രി ശക്തമായി വിമർശിച്ചു.