കൊൽക്കത്ത: ബംഗാളിൽ അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ബംഗാൾ ഒരു അഗ്നിപർവതമായി മാറിയിരിക്കുകയാണെന്നും സംസ്ഥാനത്ത് അക്രമവും അഴിമതിയും കൊടികുത്തി വാഴുകയാണെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് അക്രമങ്ങൾക്കും അഴിമതിക്കും അറുതി വരണം. ജനങ്ങൾ ഇതാണ് ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയും ഇത് തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനത്ത് നിന്ന് അക്രമങ്ങൾ കഴുകി വൃത്തിയാക്കിയേ മതിയാകൂ. അതിന് വേണ്ടി ജനങ്ങളുടെ ഐക്യം ഉണ്ടാകും. സിബിഐ അന്വേഷണത്തിൽ യുവ ഡോക്ടറുടെ കുടുംബത്തിന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പ്രതിഷേധം ഇന്നലെ അവസാനിപ്പിച്ചിരുന്നു. 11 ദിവസം നീണ്ടുനിന്ന പ്രതിഷേധം സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് അവസാനിപ്പിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഇന്നലെ തന്നെ ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.















