ലക്നൗ: തന്റെ 86 കാരനായ പിതാവിനെ നിരന്തരം ഉപദ്രവിക്കുന്ന എയർടെൽ അധികൃതർക്കെതിരെ പൊട്ടിത്തെറിച്ച് ഉത്തർ പ്രദേശിലെ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്ര. സാമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് കണക്ഷൻ നിർത്തലാക്കിയിട്ടും മരണപ്പെട്ട അമ്മയുടെ ഫോൺ ബില്ലിനായി വയോധികനായ പിതാവിനെ നിരന്തം വിളിച്ച് ശല്യം ചെയ്യുന്ന എയർടെല്ലിനെതിരെ രംഗത്ത് വന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം അവരുടെ ഫോൺ കണക്ഷൻ താൽക്കാലികമായി നിർത്തിവച്ചു. എന്നിട്ടും പണം നൽകണമെന്ന് ആവശ്യപ്പെട്ട് എല്ലാ ദിവസവും ഇവർ നീലേഷിന്റെ പിതാവിനെ വിളിക്കുന്നു. ഇനിയെങ്കിലും 86 വയസുള്ള തന്റെ പിതാവിനെ നിരന്തരം വിളിച്ച് ശല്യപ്പെടുന്നത് നിർത്തണമെന്നും തന്റെ പിതാവിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എയർടെല്ലിന്റെ രേഖകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നും നീലേഷ് മിശ്ര ആവശ്യപ്പെട്ടു.
“തന്റെ ഭാര്യ ഇപ്പോൾ ജീവനോടെയില്ലെന്ന് നിങ്ങളുടെ ആത്മാവില്ലാത്ത എക്‌സിക്യൂട്ടീവുകളോട് വീണ്ടും വീണ്ടും പറയുന്ന ഒരു വ്യക്തിയുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? എന്തുകൊണ്ടാണ് അവർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തത്?” അദ്ദേഹം ചോദിച്ചു.
Dear @airtelindia for god’s sake stop harassing my 86-year-old father by calling him constantly to pay the phone bill of my mother who passed away last September (her phone service was suspended immediately).
Your last call was two days ago. He gets a call every second-third…— Neelesh Misra (@neeleshmisra) August 23, 2024
ലഖ്‌നൗ ആസ്ഥാനമായുള്ള ഗ്രാമീണ മാധ്യമ പ്ലാറ്റ്‌ഫോമായ ഗാവ് കണക്ഷന്റെ സ്ഥാപകനാണ് നീലേഷ് മിശ്ര. നീലേഷിന്റെ പോസ്റ്റിനെ തുടർന്ന് എയർടെൽ ക്ഷമാപണം നടത്തുകയും അക്കൗണ്ട് രേഖകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ബില്ലുമായി ബന്ധപ്പെട്ട് ഇനി കോളുകൾ ഉണ്ടാവില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.