ഡ്യുറാൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ് സിയോട് തോറ്റ് പുറത്തായി ബ്ലാസ്റ്റേഴ്സ്. കൊമ്പന്മാരുടെ മുൻ താരമായ ഹോർഹെ പെരേര ഡയസ് ആണ് 95-ാം മിനിട്ടിൽ നീലപ്പടയ്‌ക്ക് വിജയ ഗോൾ സമ്മാനിച്ചത്. സെമിയിൽ മോഹൻ ബഗാനാണ് ബെംഗളൂരുവിന്റെ എതിരാളി. മത്സരത്തിന്റെ ആദ്യ നിമിഷത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഗോളി സോം കുമാർ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായി.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുമെന്ന നിമിഷത്തിലാണ് ഡയസിന്റെ ഗോൾ വന്നത്. അതുവരെ വിരസമായ പോരാട്ടമാണ് ഇരു ടീമുകളും മൈതാനത്ത് കാഴ്ചവച്ചത്. 95-ാം മിനിട്ടിൽ ഫനായി നൽകിയ ക്രോസ് ബോക്സിൽ സ്വീകരിച്ച ഛേത്രി പന്ത് ഡയസിന് തളികയിൽ വച്ചു നൽകി.
അർജന്റീനക്കാരന്റെ ക്ലോസ് റെയ്ഞ്ച് ഷോട്ട് ഉന്നം പിഴയ്‌ക്കാതെ ബ്ലാസ്റ്റേഴ്സ് വല തുളച്ചു. നിമിഷങ്ങൾക്ക് പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങി. വീണ്ടും ഒരു ടൂർണമെന്റിൽ കൂടി ബ്ലാസ്റ്റേഴ്സ് കിരീടമില്ലാതെ മടങ്ങി. ആരാധകർക്കും നിരാശ.