ദുബായ്: പരീക്ഷ ഒഴിവാക്കി യുഎഇയിലെ സർക്കാർ സ്‌കൂളുകൾ. നൈപ്യുണ്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ മൂല്യനിർണയം നടത്തുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു.
യുഎഇയിലെ സർക്കാർ സ്‌കൂളുകളിൽ പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരിയാണ് പരമ്പരാഗത പരീക്ഷാ സമ്പ്രദായം മാറ്റുന്നകാര്യം അറിയിച്ചത്. പുതിയ അധ്യയനവർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലാണ് നൈപ്യുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്ന സംവിധാനം ആദ്യം നടപ്പാക്കുക.
വിദ്യാർഥികളുടെ കഴിവുകളെ കുറിച്ച് ശരിയായി മനസിലാക്കാൻ ഈ സമ്പ്രദായം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രേഡ് അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് രണ്ടാമത്തെ ടേം പരീക്ഷ പ്രോജക്റ്റായി മാറും. പ്രോജക്റ്റ് വിദ്യാർഥികളുടെ അറിവിനെ മാത്രമല്ല കഴിവുകൾ അളക്കുന്നതായിരിക്കും.
25 സ്‌കൂളുകളിൽ ഈ വർഷം പുതുതായി വിദ്യാർഥി പ്രവേശനമുണ്ടാകും. ഇതിൽ പുതുതായി നിർമിച്ച 12 സ്‌കൂളുകളും അറ്റകുറ്റപ്പണിക്ക് ശേഷം തുറക്കുന്ന 13 എണ്ണവും ഉൾപ്പെടും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പുതുതായി 39 സ്ഥാപനങ്ങൾ കൂടി ആരംഭിക്കും. സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്.













