തിരുവനന്തപുരം: തിരുവനന്തപുരം– കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിന് 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു.
മുൻപ് അനുവദിച്ച 365 കോടിക്കു പുറമേയാണ് ഈ തുക. ഇതോടെ പദ്ധതിക്കായി ഈ വർഷം 940 കോടി രൂപയുടെ ബജറ്റ് വിഹിതമാണു അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ റെയിൽവേ ഭരണകൂടം കേരളത്തിലെ സ്ഥലമെടുപ്പിന് 1312 കോടിയും തമിഴ്‌നാട് മേഖലയ്‌ക്ക് 298 കോടിയും വകയിരുത്തി. കേരളത്തിൽ 38 ശതമാനവും തമിഴ്‌നാട്ടിൽ 14 ശതമാനവും സ്ഥലമെടുപ്പ് പൂർത്തിയായി. 87 കിലോമീറ്റർ ദൂരമുള്ള റെയിൽവേ പാതയിൽ തിരുവനന്തപുരം മുതൽ പാറശാല വരെ 37 ഹെക്ടറും തമിഴ്‌നാട്ടിലെ പാറശാല മുതൽ കന്യാകുമാരി വരെ 51 ഹെക്ടറുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ ഇരട്ട റെയിൽപാത നിർമാണത്തിന് നേരത്തെ 365 കോടി രൂപയാണ് അനുവദിച്ചത്.
തിരുവനന്തപുരം മുതൽ പാറശാല വരെ 30 കിലോമീറ്റർ ദൂരമാണു കേരളത്തിലുളളത്. ഇവിടെ രണ്ടാം പാത നിർമാണത്തിനു മുന്നോടിയായുള്ള വിവിധ പണികളുടെ കരാർ നൽകി. നേമം ടെർമിനലിന്റെ നിർമാണവും പുരോഗമിക്കുന്നു. നേമം മുതൽ പാറശാല വരെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടി സെപ്റ്റംബർ ആദ്യ വാരം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 2026 മാർച്ചിൽ നേമം ടെർമിനൽ പ്രവർത്തനം ആരംഭിക്കും എന്നാണ് ലക്ഷ്യമിടുന്നത്.