കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായി പുലർച്ചെ 1.03ഓടെ പ്രതി സഞ്ജയ് റോയ് മെഡിക്കൽ കോളേജിനുള്ളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ജീൻസും ടീഷർട്ടുമാണ് ഇതിൽ ഇയാളുടെ വേഷം. കയ്യിൽ ഹെൽമെറ്റും ഉണ്ട്.
കുറ്റകൃത്യം നടന്ന സെമിനാർ ഹാളിലേക്ക് കയറുന്നതിന് മുൻപായി പ്രതിയുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ കിടക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ഈ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പിന്നീട് സംഭവസ്ഥലത്ത് നിന്ന് പൊലീസ് തെളിവായി കണ്ടെടുത്തിരുന്നു. ഈ ദൃശ്യങ്ങൾ കൂടി കാണിച്ചും പ്രതിയെ ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യം ചെയ്തതായി പ്രതി സമ്മതിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സംഭവദിവസം ആശുപത്രിയിലെത്തുന്നതിന് മുൻപായി ഇയാൾ മദ്യപിക്കുകയും രണ്ട് വേശ്യാലയങ്ങളിൽ പോയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എട്ടാം തിയതി രാത്രി സോനാഗച്ചി റെഡ് സ്ട്രീറ്റിലെത്തിയ ശേഷം മദ്യപിക്കുകയും രണ്ട് വേശ്യാലയങ്ങളിൽ അടുത്തടുത്ത സമയങ്ങളിൽ പോവുകയും ചെയ്തിട്ടുണ്ട്. കടുത്ത അശ്ലീല വൈകൃതങ്ങൾക്ക് അടിമയാണ് ഇയാളെന്ന് സിബിഐ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല ചിത്രങ്ങൾ പതിവായി കാണുന്ന പ്രതിക്ക്, ചെയ്ത കുറ്റകൃത്യത്തിൽ കുറ്റബോധമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തിയ യുവതിയെ സഞ്ജയ് റോയ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ സെമിനാർ ഹാളിലേക്ക് കയറുന്നതിന്റേയും പുറത്തിറങ്ങുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. യുവതിക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ ഇപ്പോഴും തുടരുകയാണ്.