ഇംഫാൽ: മണിപ്പൂരിൽ സമാധാനവും ജനങ്ങൾക്ക് സുരക്ഷിത ബോധവും ഉറപ്പാക്കുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും ജനറൽ ദ്വിവേദി കൂടിക്കാഴ്ച നടത്തി. ”സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് സുരക്ഷാ ഏജൻസികൾ തമ്മിൽ നല്ല രീതിയിൽ ഏകോപനമുണ്ട്. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനായി പല തരത്തിലുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ശാശ്വത പ്രശ്‌നപരിഹാരത്തിന് ഇപ്പോഴുള്ളത് തന്നെ മുന്നോട്ട് പോകണം. സംസ്ഥാനത്ത് സമാധാനവും മികച്ച അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ പ്രധാന ലക്ഷ്യമായി മുന്നിലുള്ളത്.
മുഖ്യമന്ത്രിയുമായും ഇതിനിടെ കൂടിക്കാഴ്ച നടത്തി. പോസിറ്റീവായ പ്രതികരണങ്ങളാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഞങ്ങൾ പല വിഷയങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണം. അതുവഴി അവർക്കിടയിലും നല്ലൊരു ബന്ധം ഉണ്ടാകുമെന്നും” ജനറൽ ദ്വിവേദി പറഞ്ഞു. സംസ്ഥാനത്തെ വിവിധ സുരക്ഷാ ഏജൻസികളുടെ മേധാവിമാരുമായും അദ്ദേഹം ചർച്ചകൾ നടത്തി.
ജനറൽ ദ്വിവേദിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് മണിപ്പൂർ മുഖ്യമന്ത്രിയും സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ സുരക്ഷാ സാഹചര്യവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും, സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ മറികടന്ന് സമാധാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും സുരക്ഷാ സേനയും തമ്മിൽ യോജിച്ച് പ്രവർത്തിക്കുമെന്നും ബിരേൻ സിങ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു















