കൊച്ചി: സാംസ്കാരിക മന്ത്രി സജി ചെറിയാനെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെയും പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സജി ചെറിയാന്റെ പ്രസ്താവനകൾ ഇടതുപക്ഷ രാഷ്‌ട്രീയത്തിന് ചേരാത്തതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് രാഷ്‌ട്രീയ അജ്ഞതയാണെന്നും പാർട്ടി ക്ലാസ് കൊടുക്കണമെന്നും ആഷിഖ് അബു പരിഹസിച്ചു. സിദ്ദിഖ് മികച്ച അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം നന്നായി അഭിനയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് ആശയക്കുഴപ്പമുണ്ട്. വിഷയത്തെ കുറിച്ച് സംസാരിക്കാൻ സാമാന്യം ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണമെന്നും ആഷിഖ് അബു പറഞ്ഞു. പരാതിയെ കുറിച്ച് സംസാരിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ. ഇത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാടല്ലെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. വലിയൊരു മൂവ്മെൻ്റിന് വിലങ്ങ് തടിയാവുകയാണ് അദ്ദേഹമെന്നും ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ഉപദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ നടപടി സ്വീകരിക്കണം. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ്. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.