കൊല്‍ക്കത്ത : അഭിനയിക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. അതുപോലെ ബംഗാളിൽനിന്ന് കേസുമായി മുന്നോട്ടു പോകാനും ബുദ്ധിമുട്ടുണ്ട് . താൻ ഇടതുപക്ഷക്കാരിയാണെന്നും , പാർട്ടിക്കാർ തെറ്റ് ചെയ്താലും മിണ്ടാതിരിക്കില്ലെന്നും അവർ പറഞ്ഞു .
കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി.കേരളത്തില്‍ നിന്ന് ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
രഞ്ജിത് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വെളിപ്പെടുത്തിയത് . അഭിനയിക്കാൻ വിളിച്ചു വരുത്തിയ ശേഷം വളകളിൽ തൊടുന്ന ഭാവത്തിൽ കയ്യിൽ തൊട്ടുവെന്നും മുടിയിൽ തലോടിയതായും ശ്രീലേഖ മിത്ര പറഞ്ഞു . കഴുത്തിൽ തൊടാൻ ശ്രമിച്ചതോടെ മുറി വിട്ട് പുറത്തിറങ്ങുകയായിരുന്നു. ദുരനുഭവം ഉണ്ടായതോടെ സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. സംഭവത്തിന് ശേഷം ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും അവർ വെളിപ്പെടുത്തി.















