പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരഭാരം നിയന്ത്രിക്കാനായി വ്യായമവും ഡയറ്റുമൊക്കെ നോക്കുന്നവർ നിരവധിയാണ്. എന്നാൽ എന്തു ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പറയുന്നവറേയാണ്. അതിലേക്ക് വിരൽ ചൂണ്ടുകയാണ് പുതിയ പഠനം. ഉപ്പിലും പഞ്ചസാരയിലും അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കാണ് വില്ലൻ. കുപ്പിവെള്ളത്തിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ടോക്‌സിക്‌സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഓരോ ലിറ്റർ കുപ്പി വെള്ളത്തിലും കുറഞ്ഞത് 2,40,000 മൈക്രോ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കുന്നു എന്നാണ് പഠനം പറയുന്നത്. പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കട്ടിംഗ് ബോർഡ്, പ്ലസ്റ്റിക് പാത്രങ്ങൾ ടെഫ്ലോൺ കുക്ക്വെയർ, തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കറിയുപ്പ് മുതൽ കടലുപ്പ് വരെയുള്ള പത്ത് തരം ഉപ്പും പഞ്ചസാരയും പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവയിൽ നാരുകൾ, ഉരുളകൾ, ഫിലിമുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി.
മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിധ്യം എൻഡോക്രൈനെ തടസപ്പെടുത്തുകയും ഹോർമോൺ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശരീരഭാരം കൂടുന്നു. കീടനാശിനികൾ, ലോഹങ്ങൾ തുടങ്ങിയ ഹാനികരമായ വസ്തുക്കളെ വഹിക്കാനുള്ള കഴിലവും മൈക്രോ പ്ലാസ്റ്റികിനുണ്ട്. പ്ലാസ്റ്റിക് കുപ്പിയിസലെ വെള്ളമോ പ്ലാസ്റ്റിക് പാത്രത്തിലെ ആഹാരമോ കഴിക്കുമ്പോൾ ഇവ നേരിട്ട് ശരീരത്തിലേക്ക് എത്തുന്നു. കാൻസർ സാധ്യതയും ഇത് വർദ്ധിപ്പിക്കുന്നു. പെൺകുട്ടികൾ വളരെ ചെറുപ്പത്തിൽ ഋതുമതികളാകുന്നതിനും ഇത് കാരണമാകുന്നു.
മുതിർന്ന പുരുഷന്മാരിൽ ശരീരഭാരം, ഉദ്ധാരണക്കുറവ്, ഗൈനക്കോമാസ്റ്റിയ, ഊർജ്ജം കുറയുക, പേശികളുടെ ആരോഗ്യം കുറയുക,വന്ധ്യത എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്ന് ഇറ്റലിയിലെ നേപ്പിൾസ് പാർഥെനോപ്പ് സർവകലാശാലയിലെ ഗവേഷകർ 2021-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.















