മലപ്പുറം: വളാഞ്ചേരിയിലെ കെഎസ്എഫ്ഇ മുക്കുപണ്ട പണയം തട്ടിപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, മുഹമ്മദ് അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 28-നും ജനുവരി 18-നും ഇടയിലാണ് സംഭവം നടന്നത്. 221. 63 പവൻ മുക്കുപണ്ടമാണ് സ്വർണമെന്ന വ്യാജേന പണയം വച്ചത്. നാല് പേരടങ്ങുന്ന സംഘം പല തവണയായാണ് കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
കെഎസ്എഫ്ഇ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പാണിതെന്നും 79 അക്കൗണ്ടുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ കരാർ ജീവനക്കാരനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
10 അക്കൗണ്ടുകൾ വഴി തട്ടിപ്പ് നടന്നുവെന്നാണ് ശാഖാ മാനേജർ ആദ്യം നൽകിയ പരാതിയിലുണ്ടായിരുന്നത്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ വ്യാപ്തി വലുതാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായത്. പ്രതികൾക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് പൊലീസ് കണ്ടെത്തൽ. ജീവനക്കാർക്ക് പങ്കുണ്ടെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘം ജീവനക്കാരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.