മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പങ്കുവച്ച് നടി ശാരി. തമിഴ് സിനിമയിൽ സജീവമായിരുന്ന താരം പദ്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. കാർത്തിക, ഉർവ്വശി, മോഹൻലാൽ എന്നിവർ അഭിനയിച്ച ചിത്രത്തിലേക്കുള്ള കടന്നുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ശാരി.
സ്വകാര്യ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാരിയുടെ പ്രതികരണം. വർഷങ്ങൾക്ക് ശേഷം നടി കാർത്തികയെ കണ്ടതിന്റെ സന്തോഷവും താരം പങ്കുവക്കുന്നുണ്ട്. “പദ്മരാജൻ സാറാണ് സിനിമ ചെയ്യാൻ എന്നെ ആദ്യം വിളിച്ചത്. അപ്പോൾ തന്നെ എനിക്ക് പറ്റില്ല എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. കാരണം മലയാള സിനിമ ചെയ്യാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് ഇക്കാര്യം ഞാൻ തുറന്നു പറയുകയും ചെയ്തു.
തെലുങ്കു, തമിഴ്, കന്നട സിനിമകളിൽ മാത്രമേ അഭിനയിക്കാൻ വിടുള്ളൂവെന്ന് എന്റെ വീട്ടുകാരും അദ്ദേഹത്തോട് പറഞ്ഞു. രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. നീ ഹീറോയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപോയി, പിന്നെ സിനിമയിൽ രണ്ട് നടിമാരുണ്ടെന്ന് അതിലൊരു കഥാപാത്രം നീ ചെയ്യണമെന്നും പറഞ്ഞു.
മലയാളം സംസാരിക്കാൻ പോലും അറിയാത്ത ഞാൻ എങ്ങനെയാണ് ഇത്രയും ബോൾഡ് ആയിട്ടുള്ള കഥാപാത്രം ചെയ്യുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാനാണ് ഈ പടത്തിന്റെ സംവിധായകൻ ഞാനെല്ലാം പഠിപ്പിച്ച് തരാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആദ്യം സീൻ എടുത്തപ്പോൾ തന്നെ എന്നെ പറഞ്ഞുവിടും എന്നാണ് കരുതിയത്. കാർത്തികയാണ് എനിക്ക് പല ഡയലോഗുകളും പഠിപ്പിച്ച് തന്നത്. അദ്ദേഹം എന്നെ എന്തിന് തെരഞ്ഞെടുത്തു എന്നത് ദൈവത്തിന് മാത്രമറിയാം. തന്റെ ഗുരുസ്ഥാനീയനായിരുന്നു പദ്മരാജൻ സാറെന്നും ശാരി പറഞ്ഞു.















