തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെ അനുമോദന ചടങ്ങിന്റെ പേരിൽ സർക്കാർ വിളിച്ചുവരുത്തി അപമാനിച്ചു. 26ന് വൈകി 4ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അനുമോദന ചടങ്ങ് മാറ്റിവച്ചു. കായിക-വിദ്യാഭ്യാസ വകുപ്പുകളുടെ തർക്കത്തിന്റെ പേരിലാണ് ചടങ്ങ് മാറ്റിയത്. താരത്തിന് സ്വീകരണം നൽകി ക്രെഡിറ്റ് നേടാനുള്ള ശ്രമത്തിന്റെ പേരിലായിരുന്നു തർക്കമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കായിക മന്ത്രിയുടെ പരാതിയെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ ശ്രീ.പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്. മന്ത്രി വി. ശിവൻ കുട്ടിയാണ് സ്വീകരണ-അനുമോദന ചടങ്ങ് 26ന് നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നത്. ഇതിൽ പങ്കെടുക്കാൻ താരം കുടുംബ സമേതം തലസ്ഥാനത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചടങ്ങ് മാറ്റിയ വിവരം ഒളിമ്പ്യനെ അറിയിക്കുന്നത്. വൈകിട്ട് അഞ്ചോടെയാണ് ചടങ്ങ് മാറ്റിയ വിവരം ശ്രീജേഷിനെ ധരിപ്പിക്കുന്നത്. നഗരം ചുറ്റി വിപുലമായ ഘോഷയാത്രടക്കമുള്ള ചടങ്ങാണ് വകപ്പുകളുടെ പിടിവലിയിൽ അവതാളത്തിലായത്.















