വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ ഇനിയും വൈകുമെന്ന് നാസ. 2025 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നാസ നൽകുന്ന വിവരം. അപകടസാധ്യതയെ കുറിച്ചും അമേരിക്കൻ ബഹിരാകാശ ഏജൻസി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ കാപ്‌സ്യൂൾ വഴിയാകും വരുന്ന വർഷം ഫെബ്രുവരിയിൽ ഇരുവരും തിരികെ എത്തുകയെന്നാണ് വിവരം.
ബോയിംഗിന്റെ സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലാത്തതിനാലാണ് സ്പേസ് എക്സിനെ ആശ്രയിക്കുന്നത്. പേടകത്തിൽ നിന്ന് ഹീലിയം വാതകച്ചോർച്ച ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. ജൂൺ 14ന് തിരിച്ചത്തേണ്ടതായിരുന്നു. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.
എട്ട് ദിവസത്തെ ദൗത്യം എട്ട് മാസം നീളുന്നതോടെ യാത്രികരുടെ ആരോഗ്യകാര്യത്തിലും ആശങ്ക തുടരുകയാണ്. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകുന്നതാണ് പ്രധാന പ്രശ്നം. അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങൾ, ഒറ്റപ്പെടൽ എന്നിവയും വെല്ലുവിളികളാണ്. മൈക്രോഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷൻ മുഖത്തെയും തലയോട്ടിയിലെയും വീക്കം വർദ്ധിപ്പിക്കും. ചിന്തിക്കാനും ഓർമിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളെ ബാധിക്കും. കോസ്മിക് റേഡിയേഷൻ കാൻസറിനും കാരണമാകാം.
ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഇതിന് മുൻപ് 322 ദിവസത്തോളം സുനിത ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. 2006-ലായിരുന്നു ആദ്യയാത്ര. 2012-ലായിരുന്നു രണ്ടാം യാത്ര. 50 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ഏഴ് ആകാശ നടത്തങ്ങളും സുനിതയുടെ പേരിലുണ്ട്. അമേരിക്കൻ നേവിയിലെ മുൻ ക്യാപ്റ്റനാണ് ബുഷ് വിൽമോർ. 178 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.
Spaceflight is risky, even at its safest and most routine. A test flight, by nature, is neither safe nor routine. Our decision to keep Butch and Suni aboard the Space Station and bring Starliner home uncrewed is the result of our commitment to safety: our core value. https://t.co/xfgEKFRY2f
— Bill Nelson (@SenBillNelson) August 24, 2024















