ന്യൂഡൽഹി: ‘ലഖ്പതി ദീദി പദ്ധതി’യിൽ ഉൾപ്പെട്ടവർക്കായി 2,500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും. 11 ലക്ഷം സ്ത്രീകളെ ആദരിക്കും. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടക്കുന്ന ലഖ്പതി ദീദി സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക കൈമാറുക.
4.3 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 48 ലക്ഷം അംഗങ്ങൾക്കാണ് ഈ റിവോൾവിംഗ് ഫണ്ട് പ്രയോജനപ്പെടുക. 2.35 ലക്ഷം സ്വയം സഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് 5,000 കോടിയുടെ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്യും. ലഖ്പതി ദീദിമാരായ 11 ലക്ഷം പേർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി കൈമാറും. അവരെ ആദരിക്കും. രാജ്യത്തുടനീളമുള്ള ലഖ്പതി ദീദിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ആശയ വിനിമയം നടത്തും.
ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി. മൂന്നു കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ലഖ്പതി ദീദി പദ്ധതിക്കു കീഴിൽ സ്ത്രീകൾക്ക് ഡ്രോണുകളുടെ പ്രവർത്തനവും നന്നാക്കലും, പ്ലംബിങ്, എൽഇഡി ബൾബ് നിർമാണം തുടങ്ങിയവയിലുമാണ് പരിശീലനം.
മലയാളി വനിതകളെയും പ്രധാനമന്ത്രി ഇന്ന് ആദരിക്കും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളായ തൃശൂർ ജില്ലയിലെ മാള കുഴൂർ മാങ്ങാംകുഴി സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂർ പാലികൂടത്ത് എൽസി ഔസേഫുമാണ് പരിപാടിയുടെ ഭാഗമാകുന്നത്. കാർഷിക മേഖലയിലൂടെ വിജയം കൊയ്തവരാണ് ഇരുവരും.