ന്യൂഡൽഹി: ദളിതരോ വനവാസികളോ ഇതുവരെ മിസ് ഇന്ത്യാ പട്ടം നേടിയിട്ടില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ. താൻ ഇക്കാര്യം പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംവിധാൻ സമ്മാൻ സമ്മേളൻ എന്ന പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. രാജ്യവ്യാപകമായ ജാതി സെൻസസ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘മിസ് ഇന്ത്യ’ വിഷയം രാഹുൽ എടുത്തുപറഞ്ഞത്.
മിസ് ഇന്ത്യ പട്ടം ഇതുവരെ നേടിയവരുടെ പട്ടിക പരിശോധിച്ചു. അതിൽ ദളിതരില്ല, വനവാസികളില്ല, ഒബിസി വിഭാഗത്തിൽ നിന്നുള്ളവരില്ല. മാദ്ധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് ജോലി ചെയ്യുന്നവരിലും ഇതേ അവസ്ഥയാണ്. അവിടെയും ദളിതരും വനവാസികളും മേധാവികളായി ജോലി ചെയ്യുന്നില്ല. രാജ്യത്തെ 90 ശതമാനം വരുന്ന ആളുകളുടെ പങ്കാളിത്തം ഇല്ലാതെപോകുന്നത് ശരിയല്ലെന്നും രാഹുൽ പറഞ്ഞു.
സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവയിൽ രാജ്യത്തെ 90 ശതമാനം വരുന്ന ജനവിഭാഗത്തിൽ നിന്നുള്ള എത്രപേർ ഉണ്ടെന്ന് എല്ലാവരും അറിയണം. അതിന് ജാതി സെൻസസ് നടത്തണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.















