കോഴിക്കോട്: രഞ്ജത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്. കോഴിക്കോട്ടെ രഞ്ജിത്തിന്റെ വീട്ടിലേക്കാണ് മാർച്ച്. പീഡനവീരൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് ജയിലടയ്‌ക്കണമെന്ന മുദ്രവാക്യം മുഴക്കിയാണ് പ്രതിഷേധം.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ കലാകാരനെന്ന് വിശേഷിപ്പിച്ചയാളാണ് സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. ബംഗാൾ നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്തിന്റെ രാജി.
രഞ്ജിത്തിനെതിരെ സർക്കാർ മൃദുസമീപനം നടത്തിയെങ്കിലും വിവിധ കോണിൽ നിന്നുള്ള പ്രതിഷേധം സർക്കാരിനെ വലച്ചു. ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ഗത്യന്തരമില്ലാതെ രഞ്ജിത്തും രാജിയിലേക്ക് നീങ്ങുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ വമ്പന്മാരുൾപ്പടെ പ്രതികൂട്ടിലാവുകയാണ്. താരസംഘടനയായ അമ്മ റിപ്പോർട്ടിന്മേൽ പ്രതികരിക്കാത്തത് ചർച്ചയായിരുന്നു. പിന്നാലെ സംഘടനയുടെ തലപ്പത്തുള്ളവർ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഭിന്നതകൾക്കിടയാണ് സിദ്ദിഖിനെതിരെയും രഞ്ജിത്തിനെതിരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായത്.















