തിരുവനന്തപുരം: അനുമോദന ചടങ്ങിന്റെ പേരിൽ ഹോക്കി താരം പി.ആർ ശ്രീജേഷിനെ വിളിച്ചുവരുത്തി അപമാനിച്ചതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കായിക മന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് പരിപാടി മാറ്റിവച്ചതെന്ന് മന്ത്രി ജനം ടിവിയോട് പറഞ്ഞു. വൈകാതെ തന്നെ സ്വീകരണ പരിപാടിക്ക് സമയം തീരുമാനിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്. സംസ്ഥാന സർക്കാരിന്റെ നടപടിയിലുള്ള അമർഷം താരത്തിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ വ്യക്തമാണ്.
പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘നേതാക്കൾ ജനിക്കുന്നില്ല മറിച്ച് സൃഷ്ടിക്കപ്പെടുകയാണ്’ എന്ന് അദ്ദേഹം കുറിച്ചു. 26-ന് നടത്താനിരുന്ന അനുമോദ ചടങ്ങിനായി ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയിരുന്നു.















