നടിമാർ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്തും നടൻ സിദ്ദിഖും ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജിവച്ച പശ്ചാത്തലത്തിൽ പരോക്ഷ പ്രതികരണവുമായി നടി മഞ്ജു വാര്യർ. “പോരാടാൻ ഉറച്ച മനസുമായി ഒരു സ്ത്രീ മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം തുടങ്ങിയതെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം” എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. ഇതുസംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റും ഇൻസ്റ്റഗ്രാം സ്റ്റോറിയും അവർ പങ്കുവച്ചിട്ടുണ്ട്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ അതിജീവിത പരാതിയുമായി എത്താൻ തയ്യാറായതും കുറ്റവാളികൾക്കെതിരെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒരുങ്ങിയതുമാണ് മഞ്ജു വാര്യർ ചൂണ്ടിക്കാട്ടിയത്. അതിജീവിത കേസ് നൽകിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ശക്തമാവുകയും സിനിമയിലെ സ്ത്രീ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമാ കമ്മീഷനെ നിയോഗിച്ചതും. തുടർന്ന് നാലര വർഷം മുൻപ് സർക്കാരിന് സമർപ്പിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് ഒരാഴ്ച മുൻപായിരുന്നു പുറത്തുവന്നത്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ വിമർശനം ശക്തമായതോടെ സിനിമാ പ്രവർത്തകരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നടിമാർ രംഗത്തെത്തിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് വലിയ വിമർശനങ്ങൾ നേരിട്ടു. ഇതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. സിദ്ദിഖിനെതിരെയും യുവനടി ആരോപിച്ചത് ഗുരുതരമായ വാദങ്ങളായിരുന്നു. ഇതിന് പിന്നാലെ നടൻ സിദ്ദിഖും ‘അമ്മ’യുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറി.