മിസ് ഇന്ത്യ പട്ടം നേടിയവരിൽ ദളിതരില്ലെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ വാദം ബാലിശമെന്ന് കിരൺ റിജിജു. ഇതുവരെ ‘മിസ് ഇന്ത്യ’യായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് താൻ പരിശോധിച്ചെന്നും അതിൽ ദളിതരും വനവാസികളുമില്ലെന്നും അതിനാൽ രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നുമായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്ന രാഹുലിന്റെ വിമർശനം. എന്നാലിത് തീർത്തും ബാലിശമായ ആരോപണമാണെന്ന് കേന്ദ്ര പാർലമെന്റററികാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.
മിസ് ഇന്ത്യ മത്സരത്തിലും സിനിമയിലും സ്പോർട്സിലും ജാതി സംവരണം വേണമെന്നാണ് ഇപ്പോൾ രാഹുലിന്റെ ആവശ്യം. രാഹുലിന്റെ ബാലിശമായ ബുദ്ധിയുടെ പ്രശ്നം മാത്രമല്ല ഇത്, രാഹുലിനെ പ്രോത്സാഹിപ്പിച്ച് വിടുന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ബാലിശമായ പെരുമാറ്റം രസകരമാണെങ്കിലും പിന്നാക്ക സമുദായത്തിലുള്ളവരെ പരിഹസിക്കുന്നതിനുള്ള ഒരു ഭിന്നിപ്പിക്കൽ തന്ത്രമായി അത് ഉപയോഗിക്കരുതെന്നും കിരൺ റിജിജു പ്രതികരിച്ചു. കേന്ദ്രസർക്കാരല്ല, മിസ് ഇന്ത്യയെ തിരഞ്ഞെടുക്കുന്നതെന്നും രാഹുലിനെ കിരൺ റിജിജു ഓർമിപ്പിച്ചു. ഒളിമ്പിക്സിന് വേണ്ട അത്ലെറ്റുകളെയോ സിനിമയിൽ അഭിനയിക്കേണ്ട നടീനടന്മാരെയോ മിസ് ഇന്ത്യയേയോ തിരഞ്ഞെടുക്കുന്നത് സർക്കാരല്ലെന്നും അദ്ദേഹം രാഹുലിന് മറുപടി നൽകി.
ദളിതരോ വനവാസികളോ ഇതുവരെ മിസ് ഇന്ത്യാ പട്ടം നേടിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ പരാതി. സംവിധാൻ സമ്മാൻ സമ്മേളൻ എന്ന പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. രാജ്യവ്യാപകമായ ജാതി സെൻസസ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘മിസ് ഇന്ത്യ’ വിഷയം രാഹുൽ എടുത്തുപറഞ്ഞത്. മിസ് ഇന്ത്യ പട്ടം ഇതുവരെ നേടിയവരുടെ പട്ടിക പരിശോധിച്ചു. അതിൽ ദളിതരില്ല, വനവാസികളില്ല, ഒബിസി വിഭാഗത്തിൽ നിന്നുള്ളവരില്ല. മാദ്ധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് ജോലി ചെയ്യുന്നവരിലും ഇതേ അവസ്ഥയാണ്. അവിടെയും ദളിതരും വനവാസികളും മേധാവികളായി ജോലി ചെയ്യുന്നില്ല. രാജ്യത്തെ 90 ശതമാനം വരുന്ന ആളുകളുടെ പങ്കാളിത്തം ഇല്ലാതെപോകുന്നത് ശരിയല്ല. സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവയിൽ രാജ്യത്തെ 90 ശതമാനം വരുന്ന ജനവിഭാഗത്തിൽ നിന്നുള്ള എത്രപേർ ഉണ്ടെന്ന് എല്ലാവരും അറിയണം. അതിന് ജാതി സെൻസസ് നടത്തണമെന്നുമായിരുന്നു രാഹുലിന്റെ വിചിത്ര വാദം.















