സ്ത്രീകൾക്കെതിരെ എല്ലാ മേഖലകളിലും അതിക്രമങ്ങൾ ഉണ്ടാകാറുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. എല്ലാ മേഖലകളിലും സ്ത്രീകൾ വിവേചനങ്ങൾ നേരിടുന്നുണ്ട്. ഈ റിപ്പോർട്ട് വന്നതിന് ശേഷം ഓരോന്നായി പുറത്തുവരികയാണ്. സ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ എന്ത് നിയമപരമായ നടപടികളാണ് വേണ്ടതെന്ന് സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്നും രഞ്ജി പണിക്കർ പറഞ്ഞു.
“അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീതിന്യായ വ്യവസ്ഥകളും ഭരണകുടവും ഇവിടുണ്ട്. സമഗ്രമായ പഠനത്തിന് ശേഷം ഒരു നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഈ അവസരം മുതലെടുക്കുന്നവരുമുണ്ട്. സ്ത്രീകൾക്ക് നീതി ഉറപ്പാക്കണ്ട എന്നൊരു നിലപാട് ആർക്കുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. എടുത്തുചാടിയൊരു തീരുമാനമല്ല സർക്കാർ സ്വീകരിക്കേണ്ടത്. എല്ലാ വശവും അന്വേഷിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കണം.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഏത് മേഖലകളിലായാലും അത് മാറുക തന്നെ വേണം. ഇത്തരം അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിൽ വച്ചുപൊറുപ്പിക്കാൻ കഴിയില്ല. ഈ ആരോപണങ്ങളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. കുറ്റകൃത്യം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റാരോപിതരായി മാത്രമേ ഇപ്പോൾ അവരെ കാണാൻ സാധിക്കുകയുള്ളൂ. ആരോപണങ്ങൾ പരിശോധിക്കണം” – രഞ്ജി പണിക്കർ പറഞ്ഞു.
രഞ്ജിത്ത് രാജി വച്ചത്, സമ്മർദ്ദങ്ങളുടെ പേരിൽ മാത്രമായിരിക്കില്ല, ഇതാണ് അഭികാമ്യം എന്ന് തോന്നിയത് കൊണ്ടാകാം. കുറ്റം ചെയ്തവർ തിരിച്ചുവന്നാൽ അവരെ നാടുകടത്താനാകുമോ. കുറ്റാരോപിതരെ മാറ്റി നിർത്തേണ്ട നിയമം ഈ രാജ്യത്തില്ല. ഞാൻ ഈ മേഖലയിൽ നിൽക്കുന്നത് കൊണ്ട് എല്ലാത്തിനും ഉത്തരം പറയണോ എന്നും രഞ്ജി പണിക്കർ മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു.















