തിരുനെൽവേലി: തിരുനെൽവേലി ജില്ലയിലെ കൂടംകുളത്തിന് സമീപം കടൽത്തീരത്ത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു. ക്ലാത്തി ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് കരക്കടിഞ്ഞത്.
തിരുനെൽവേലി ജില്ലയിലെ കൂടംകുളം ബീച്ചിലാണ് പ്രധാനമായും മത്സ്യങ്ങൾ ചത്ത് കരക്കടിഞ്ഞത്. കൂടംകുളം ആണവനിലയത്തിന് പടിഞ്ഞാറ് പാഞ്ചാൽ, പെരുമണൽ എന്നീ തീരദേശ ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. തെളിഞ്ഞ മണലിൽ നോക്കെത്താ ദൂരത്തോളം ക്ലാത്തി മീനുകൾ നിറഞ്ഞിരിക്കുകയാണ്.
ഇതും വായിക്കുക
ഇതുമൂലം കടൽത്തീരം മുഴുവൻ ദുർഗന്ധം പടർന്നിട്ടുണ്ട്. ഫിഷറീസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തി. അതിനിടെ ക്ലാത്തി ഉൾപ്പെടെയുള്ള മീനുകൾക്ക് വൻ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. കിലോക്ക് ഒരു രൂപ നിരക്കിലാണ് ക്ലാത്തി മത്സ്യങ്ങൾ വിറ്റതെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ കടലിൽ നിന്ന് പിടികൂടിയ മത്സ്യത്തിന് മതിയായ വില ലഭിക്കാത്തതിനാൽ കന്യാകുമാരി ജില്ലയിലെ മുട്ടം ഉൾപ്പടെയുള്ള ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾ അവയെ വീണ്ടും കടലിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. കോഴിത്തീറ്റയ്‌ക്കായി പ്രദേശത്തെ കോഴി കർഷകർ ചത്ത മത്സ്യങ്ങൾ ശേഖരിക്കുന്നുണ്ട്. മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കൂടംകുളം ആണവനിലയത്തിന് സമീപത്തായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാണ്.
ഇതും വായിക്കുക
ഇതുമായി ബന്ധപ്പെട്ട് തമിഴ് നാട് സർക്കാരിന്റെ ഫിഷറീസ് വകുപ്പ് നൽകിയ വിശദീകരണത്തിൽ കന്യാകുമാരി ജില്ലയിലെ ചിന്നമുട്ടം മത്സ്യബന്ധന തുറമുഖ മേഖലയിൽ ക്ലാത്തി മത്സ്യങ്ങൾ ധാരാളമായി ചത്ത് കരക്കടിഞ്ഞിട്ടുണ്ടെന്നു സമ്മതിച്ചിരിക്കുന്നു. എന്നാൽ സർക്കാർ ഭാഷ്യമനുസരിച്ച് കടലിൽ ഈ മീനുകളുടെ ലഭ്യത വൻ തോതിൽ വർധിച്ചിരിക്കുകയാണ്. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികൾ വില്ക്കാതെ ബാക്കി കിടന്ന മത്സ്യം കടലിലേക്ക് വലിച്ചെറിഞ്ഞു. കൂടംകുളം തീരദേശ ഗ്രാമങ്ങളിൽ ഒഴുക്കിൽപ്പെട്ട് കരയിലേക്ക് അടിച്ചു കയറിയത് ഈ മത്സ്യങ്ങളാണ്. കൂടംകുളം കടലിൽ തീരത്തടിഞ്ഞ മത്സ്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടതുന്നതായി സർക്കാർ റിപ്പോർട്ട് പറയുന്നു.
തീൻ മേശകൾക്ക് അത്ര പരിചിതമല്ലാതിരുന്ന ക്ലാത്തി മീൻ മത്സ്യ പ്രേമികൾക്കിടയിൽ സ്ഥാനം നേടിത്തുടങ്ങിയത് അടുത്തകാലത്താണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മത്സ്യബന്ധനബോട്ടുകൾക്കു ഇവ കൂടുതലായി ലഭിച്ചിരുന്നു. കടുപ്പമേറിയ തൊലിയും മുള്ളുകൾക്കും കാഠിന്യവും ഈ മത്സ്യത്തിന്റെ പ്രത്യേകതകളാണ്. ഉറപ്പേറിയ മാംസം രുചിയിലും മുന്നിലാണെന്ന് ഉപയോഗിച്ചവർ പറയുന്നു. ഫിഷ് കട്‌ലറ്റിനും മറ്റും ഏറെ അനുയോജ്യമാണ്.
ആഴക്കടലിൽ പാറക്കെട്ടുകളുള്ള ഭാഗങ്ങളിൽ കണ്ടു വന്നിരുന്ന ക്ലാത്തി സൂനാമിക്ക് ശേഷമാണ് തീരത്തേക്കു കൂടുതൽ അടുത്തു തുടങ്ങിയത്. നേരത്തെ കന്യാകുമാരി മേഖലയിൽ നിന്നാണു കൂടുതലായി കിട്ടിയിരുന്നതെങ്കിലും ഇപ്പോൾ കേരള തീരത്തും സാന്നിധ്യമുണ്ട്. കറുപ്പ്, മഞ്ഞ, വെള്ള നിറങ്ങളിൽ കണ്ടു വരുന്ന ഈ മത്സ്യം സാമാന്യം വലിപ്പമുള്ളവയാണ്.















