കഴിഞ്ഞ ദിവസമാണ് നടൻ നിർമ്മൽ ബെന്നി മലയാള സിനിമയെ വിട്ടുപോയത്. ആമേൻ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് നിർമ്മൽ ബെന്നി. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. എന്നാൽ നിർമ്മൽ ബെന്നിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത ചില ഓൺലൈൻ മാധ്യമങ്ങൾ നിർമ്മൽ ബെന്നി എന്ന പേരിൽ ഫോട്ടോ നൽകിയത് നിർമ്മൽ പാലാഴിയുടേതായിരുന്നു.
നിർമ്മൽ പാലാഴി മരണപ്പെട്ടുവെന്ന് പലരും വാർത്തകൾ കണ്ട് തെറ്റിദ്ധരിക്കുകയുണ്ടായി. ഇപ്പോൾ, ആ വാർത്തകളെ തിരുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. താൻ മരിച്ചിട്ടില്ലെന്നും മരിച്ചത് നിർമ്മൽ ബെന്നിയാണെന്നും നിർമ്മൽ പാലാഴി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ പ്രതികരണം.
“നിർമ്മൽ ബെന്നി എന്ന പ്രിയ കലാകാരന് ആദരാഞ്ജലികൾ നേരുന്നു. ഒപ്പം, പ്രിയ ഓൺലൈൻ മാധ്യമ സഹോദരനോട് ഞാൻ പോയിട്ടില്ല എന്ന് കൂടെയും അറിയിക്കുന്നു. ഇനി ഈ കളിക്ക് ഞാനില്ല ട്ടോ”-എന്നാണ് നിർമ്മൽ പാലാഴി ഫേസ്ബുക്കിൽ കുറിച്ചത്.