തിയേറ്ററുകളിൽ ആവേശമായി ശ്രദ്ധ കപൂർ- രാജ്കുമാർ ചിത്രം സ്ത്രീ-2. തിയേറ്ററിലെത്തി 10 ദിവസം കൊണ്ട് 500 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിവസം മാത്രം 51 കോടിയാണ് സ്ത്രീ നേടിയത്. റിലീസ് ചെയ്തത് മുതൽ തന്നെ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ആഗോളതലത്തിൽ 505 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. നടൻ അഭിഷേക് ബാനർജിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
ഒരു കുടുംബം ഒരു സിനിമ ചെയ്യുന്നത് എങ്ങനെയാണോ, അങ്ങനെയാണ് ഞങ്ങൾ സ്ത്രീക്ക് വേണ്ടി പ്രവർത്തിച്ചതെന്നും പോസിറ്റീവ് എനർജി തരുന്ന 200-ഓളം പേർ സെറ്റിൽ ഉണ്ടായിരുന്നുവെന്നും അഭിഷേക് ബാനർജി എക്സിൽ കുറിച്ചു. നമ്മുടെ കൂട്ടായ്മയാണ് സ്ത്രീയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോൺ എബ്രഹാമിന്റെ വേദയെയും അക്ഷയ് കുമാറിന്റെ ഖേൽ ഖേൽ മേ എന്നീ ചിത്രങ്ങളെയും വീഴ്‌ത്തിയാണ് സ്ത്രീ തിയേറ്ററുകളിൽ കത്തിക്കയറുന്നത്. 2018-ൽ പുറത്തിറങ്ങിയ സ്ത്രീയുടെ ഒന്നാം ഭാഗത്തേക്കാൾ മികച്ച കളക്ഷനാണ് സ്ത്രീ-2 നേടുന്നത്. എന്റർടെയ്ൻമെന്റ് മാത്രമല്ല, അമ്പരപ്പും ആകാംക്ഷയും എല്ലാം കൂടി ഉൾപ്പെടുത്തികൊണ്ടുള്ള ദൃശ്യവിരുന്നാണ് സ്ത്രീ-2 പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഹൊറർ- കോമഡി ചിത്രമെന്ന ടാഗ് ഉണ്ടെങ്കിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കാനും സംവിധായകൻ അമർ കൗശിക് മറന്നില്ല.















