ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 5 കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. വീരേന്ദ്ര സച്‌ദേവയുടെ നേതൃത്വത്തിലുള്ള ഡൽഹിയിലെ ബിജെപി നേതാക്കൾ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഡൽഹിയുടെ വികസനത്തിനായി ആം ആദ്മി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും ഇതും പാർട്ടിയിലെ അഴിമതിയുമാണ് കൗൺസിലർമാർ എഎപി വിടാൻ കാരണമെന്ന് വിരേന്ദ്ര സച്‌ദേവ പറഞ്ഞു.
“എഎപിയിലെ അഴിമതിയും വികസനകാര്യങ്ങളിൽ തുടരുന്ന നിഷ്ക്രിയത്വവുമാണ് ഈ അഞ്ച് വ്യക്തികളും ബിജെപിയിൽ ചേരാൻ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസരിച്ച് ഡൽഹിയുടെ വികസനത്തിന് സംഭാവന ചെയ്യുക, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക ഈ പൊതു ലക്ഷ്യമാണ് ഇവർക്കെല്ലാവർക്കുമുള്ളത്. ഞങ്ങൾ അത്തരം വ്യക്തികളെ സ്വാഗതം ചെയ്യുന്നു,” സച്‌ദേവ പറഞ്ഞു.
രാം ചന്ദ്ര, പവൻ സെഹ്‌രാവത്, മഞ്ജു നിർമൽ, സുഗന്ധ ബിധുരി, മംമ്ത പവൻ എന്നിവരാണ് ആംആദ്മി പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. ജൂലൈ മാസത്തിലും പാർട്ടി എംഎൽഎമാരും കൗൺസിലർമാരും ഉൾപ്പെടെ നിരവധി എഎപി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. ആം ആദ്മി പാർട്ടിയുടെ ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാർ, ഡൽഹി മുൻ മന്ത്രിയും മുൻ എഎപി എംഎൽഎയുമായ രാജ് കുമാർ ആനന്ദ്, ഭാര്യ വീണാ ആനന്ദ് എന്നിവരാണ് അന്ന് ബിജെപിയിലേക്ക് എത്തിയത്.















