വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. വരുന്ന 29- ന് വൈകുന്നേരം 4.30-ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഞായറാഴ്ച നടന്ന തെരച്ചിലിൽ ആറ് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളും മുടിയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്ന് ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ മണ്ണും അവശിഷ്ടങ്ങളും വന്നടിഞ്ഞ ആനടിക്കോപ്പിൽ, സൂചിപ്പാറ മേഖലയിലായിരുന്നു തെരച്ചിൽ. കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഇന്ന് പ്രത്യേക തെരച്ചിൽ നടത്തിയത്.
ഓഗസ്റ്റ് 15-നകം താത്ക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ വരുന്ന 27-ാം തീയതി മുതൽ ക്ലാസുകൾ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.