കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ ലൈംഗികാതിക്രമ ആരോപണങ്ങളിലും രാജികളിലും പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. കുറ്റാരോപിതർ മാറി നിൽക്കുന്നത് നല്ലകാര്യം. നിഷ്പക്ഷമായ അന്വേഷണത്തിന് ഗുണം ചെയ്യുമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ ആരായാലും ശിക്ഷിക്കപ്പെടണമെന്നും നടൻ വ്യക്തമാക്കി.. മലയാളം ഇൻ്റസ്ട്രിയിൽ മാത്രമാണ് ഇത്തരം ഒരു കമ്മിറ്റി അന്വേഷണം നടത്തി ഒരു റിപ്പോർട്ട് സമർപ്പിച്ചത്. മറ്റൊരിടത്തും ഇത് നടന്നിട്ടില്ല. അതുകൊണ്ട് മറ്റൊരിടത്തും നടന്നിട്ടില്ലെന്ന് പറയാനാകില്ല. നിയമത്തിലും നിയമ സംവിധാനങ്ങളിലും വിശ്വാസം പുലർത്തി നീതി നടപ്പാകുമെന്ന് വിശ്വസിക്കാം. അല്ലാതെ എന്തു ചെയ്യാൻ സാധിക്കും.
ഈ മേഖലയിൽ മാത്രമല്ല പുറത്തും എല്ലായിടത്തും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതമാകണം. മാറ്റം അനിവാര്യമാകേണ്ടത് ടിആർപിക്ക് വേണ്ടിമാത്രമല്ല. ആത്മാർത്ഥമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി നിലകൊള്ളണം. ഇത് സിനിമയ്‌ക്ക് അകത്ത് മാത്രം നടക്കുന്ന കാര്യമാണെന്ന് നിങ്ങൾ പറയുമ്പോൾ അതല്ലെന്നും മാദ്ധ്യമ സ്ഥാപനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എനിക്കും നിങ്ങൾക്കും കൃത്യമായി അറിയാം. ഒരു ഇൻ്റസ്ട്രിയിലോ അല്ലെങ്കിൽ ഒരിടത്തോ മാത്രമല്ല ഇതിനൊരു മാറ്റം വേണ്ടത്. ജോലി സ്ഥലത്ത് സ്ത്രീകളോ കുട്ടികളോ പുരുഷന്മാരോ മുതിർന്നവരോ ആരായാലും സുരക്ഷിതരായിരിക്കണം അത് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ എന്നും ടൊവിനോ തോമസ് പ്രതികരിച്ചു. പൊലീസ് ആവശ്യപ്പെട്ടാൽ മൊഴി നൽകാൻ പോകുമെന്നും നടൻ പറഞ്ഞു.